ഡെറ്റ് ഫണ്ടുകൾ ആകർഷകമാകുന്നു ഇക്വറ്റി ഫണ്ടുകൽക്ക് തിളക്കമില്ല

Published by Philip George on October 15th, 2011 - in Investments, Mutual Funds

ഓഹരി വിപണി മാസങ്ങളായി അനിശ്ചിതത്വത്തിലും ആശങ്കകളിലും പെട്ട് ഉലയുന്നതിനാൽ ഇക്വറ്റി ഫണ്ടുകളുടെ നേട്ടം കാര്യമായി കുറഞ്ഞിരിക്കുകയാണ്. ശരാശരി 15% നേട്ടം നൽകുന്ന ഫണ്ടുകൾ പോലും വിരലിലെണ്ണാവുന്നതായി ചുരുങ്ങി. അതേ സമയം പലിശ നിരക്കുകൾ വർധിച്ചതോടെ ഡെറ്റ് ഫണ്ടുകൾ ആകർഷകമാകുകയാണ്.

കടപത്രങ്ങൾ, ബോണ്ടുകൾ, കൊമേഷ്യൽ പേപ്പറുകൾ എന്നിവയടക്കമുള്ള നിക്ഷേപമാർഗങ്ങളെ ആശ്രയിക്കുന്ന മ്യുച്ചൽ ഫണ്ട് പദ്ധതികൾ ആണ് ഡെറ്റ് ഫണ്ടുകൾ.  ഇക്വറ്റി ഫണ്ടുകളെ അപേക്ഷിച്ച് കൂടുതൽ മൂലധന സുരക്ഷ ഉള്ളതിനാൽ ഇത്തരം ഫണ്ടുകളിലേക്ക് കൂടൂതൽ പേർ ആകർഷിക്കപ്പെടുന്നുണ്ടെന്നും ഇവയുടെ ജനപ്രീതി വർധിപ്പിക്കുകയാണ്.

പണപെരുപ്പം മൂലം ജീവിതചെലവ് ഉയരുന്നു. വിവിധതരം വായ്പകളുടെ പലിശയും കൂടി കൊണ്ടിരിക്കുന്നതിനാൽ ജീവിക്കാൻ കൂടുതൽ പണം കണ്ടെത്തിയേ മതിയാകൂ. ഓഹരിവിപണിയാകട്ടെ ചാഞ്ചാട്ടം തുടരുന്നു. അതിന്റെ ഫലമായി ഇക്വറ്റി ഫണ്ടുകളും നിറം മങ്ങിയ പ്രകടനത്തിലാണ്. അതു കൊണ്ട് തന്നെ ബാങ്ക് നിക്ഷേപത്തിന് അപ്പുറം ന്യായമായ ആദായം നേടാനുള്ള മറ്റ് മാർഗങ്ങൾ നിക്ഷേപകർ പരിഗണിച്ചേ തീരു എന്നതാണ് അവസ്ഥ. ഇവിടെയാണ് ഡെറ്റ് ഫണ്ടുകൾ പ്രസക്തമാകുന്നത്. ലഭ്യമായ പദ്ധതികളിൽ നിന്ന് ഏറ്റവും മികച്ചവ തെരഞ്ഞെടുക്കാൻ കഴിഞ്ഞാൽ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ നേട്ടം ഇവ ഉപയോഗിച്ച് ഉറപ്പാക്കാം. ഇക്വറ്റി ഫണ്ടുകളെ അപേക്ഷിച്ച് നേട്ടം വളരെ കുറവാണെങ്കിലും മൂലധ സുരക്ഷ കൂടുതലുള്ള അഥവാ നഷ്ട സാധ്യത കുറഞ്ഞ മ്യുച്വൽ ഫണ്ടുകളണിവ.

ഇൻകം ഫണ്ട്, ഫിക്സഡ് മെച്യുരിറ്റിപ്ലാൻ (എഫ് എം പി) ഫ്ളോട്ടിങ് റേറ്റ് ഫണ്ട്, ലിക്വിഡ് ഫണ്ട്, എന്നിങ്ങനെ വ്യത്യസ്തമായ നിരവധി ഡെറ്റ്ഫണ്ട് വിഭാഗങ്ങൾ ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. അവയിൽ നിന്ന് അനുയോജ്യമായ പദ്ധതികൾ ഓരോ നിക്ഷേപർക്കും തെരഞ്ഞെടുക്കാം. കോർപ്പറേറ്റുകൾ, ബാങ്കുകൾ എന്നിവയെല്ലാം ഡെറ്റ് ഫണ്ടുകൾ കാര്യമായി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ ചെറുകിട നിക്ഷേപകർ നാമമാത്രമായേ ഇത്തരം ഫണ്ടുകളിൽ നക്ഷേപിക്കാറുള്ളൂ. എന്നാൽ ഓഹരി വിപണിയിൽ ചാഞ്ചാട്ടവും അനിശ്ചിതത്വവും തുടരുന്നതിനാൽ ഇക്വറ്റി ഫണ്ടുകളുടെ പ്രകടനം മോശമാണിപ്പോൾ. അതുകൊണ്ട് തന്നെ ഡെറ്റ് ഫണ്ടുകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ചെറുകിട നിക്ഷേപകർ തയാറാകേണ്ട സമയമാണിത്. വിപണി മുന്നേറികൊണ്ടിരിക്കുന്ന സമയത്ത് 100ഉം 200 ശതമാനം വരെ വാർഷിക നേട്ടം നൽകിയിരുന്ന നിരവധി ഇക്വറ്റി ഫണ്ടുകൾ ഉണ്ടായിരുന്നെങ്കിൽ അതിന്റെ പത്തിലൊന്ന് നേട്ടം നൽകുന്നവ പോലും വളരെ കുറവാണ്. അതെ സമയം 15-20 ശതമാനത്തിലധികം നേട്ടം നൽകുന്ന പദ്ധതികൾ ഡെറ്റ് വിഭാഗത്തിൽ ഉണ്ട്.

© Philip George
Tuesday, 05 December 2023